Sunday, December 13, 2015

ചിലത് സംഭവിക്കുന്നത് !!

അസാധാരണമായ പലതും തികച്ചും 
സാധാരണമായി സംഭവിക്കുന്ന സമയങ്ങളുണ്ട് .

ഒരു നിമിഷത്തിന്റെ പകുതിയിൽ 
ക്ലോക്കുസൂചികൾ നിശ്ചലരാവുകയും 
പിന്നോട്ട് നടക്കുകയും ചെയ്യുന്നു .

കോളിംഗ് ബെൽ മുഴങ്ങുന്നതുക്കേട്ട് 
വാതിൽ തുറക്കുമ്പോൾ 
മുറ്റത്ത് ഒരു പൂച്ച 
പിന്തിരിഞ്ഞ് നടക്കുന്നത് കാണുന്നു .

മഴയത്ത് തുറക്കാൻ കഴിയാതെ പോയ കുട 
ടി വിയിലെ മഴച്ചാറ്റൽ കണ്ട് 
സ്വയം നിവരുന്നു .

നടക്കരുതെന്നു വിചാരിക്കുന്നതൊക്കെ 
നടക്കുകയും 
നടക്കേണ്ടിയിരുന്ന പലതും 
പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു .

"ഇത്രെയോക്കെയുള്ളൂ !!" എന്ന് 
വിചാരിക്കുന്നിടത്ത് 
വലുതെന്തോ നടക്കുകയും 
അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ 
ഓർമകളിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്നു


ഉറുമ്പുനടത്തങ്ങൾ

ഉറുമ്പുനടത്തങ്ങൾ എന്നാലെന്താണ് !!

പഞ്ചസാരഭരണികളിൽ 
ഉറുമ്പുക്കൂട്ടം വരിവരിയായി അരിച്ചെത്തുന്നുണ്ട് .

വിടവുകളിലൂടെ ഊർന്നിറങ്ങി 
മധുരം നുണഞ്ഞ് മത്തുപ്പിടിച്ചൊരു 
മയക്കത്തിലേക്ക് തെന്നി വീഴുന്നുണ്ട് .

ഭരണികൾ ഒന്നമർത്തിമൂടവെ 
തിരിച്ചുനടക്കാൻ പോലുമാവാതെ 
ഉറക്കത്തിന്റെ മധ്യത്തിൽ 
പഞ്ചസാരക്കൂനകൾക്ക് മുകളിലവ മരിച്ച് വീഴുന്നു.

മരണാനന്തരചടങ്ങുകളേതുമില്ലാതെ
ചായയുണ്ടാക്കവെ അരിപ്പയിൽ 
വേർത്തിരിച്ചെടുക്കപ്പെടുന്ന ജീവനറ്റ ശരീരങ്ങൾ .


ജീവന്റെ 
ക്ഷണികതയാവർത്തിച്ചോർമിപ്പിച്ച് 
ജീവിതത്തിൽ നിന്ന് തിരിച്ചുനടക്കുന്നവർ !!

Friday, March 6, 2015

ഒരു കത്ത്




എന്റെ സ്വപ്‌നങ്ങൾ  അറിയുന്ന
ലക്ഷ്യങ്ങളിലേക്ക്  എന്നെ പിടിച്ചു നടത്തുന്ന
എന്റെ മനസ്സിന് ...

ചായപെൻസിൽ കൊണ്ട് നിറം ചേർത്ത്
വളപ്പൊട്ടുകൾ അരികിൽ ഒട്ടിച്ചു
ഞാനൊരു കത്തു തയ്യാറാക്കി ...

കാണാ ദൂരത്തു മഴമേഘങ്ങൾ
കൂടുക്കൂട്ടുന്നതറിഞ്ഞു ഞാൻ
കൈകുമ്പിളിൽ ഒളിപ്പിച്ചു...

വെയിലത്തു നിറം മങ്ങാതിരിക്കാൻ
രണ്ടായി മടക്കി ഞാൻ
എന്നോട് ചേർത്ത് പിടിച്ചു..

ആ വഴി എങ്ങോ യാത്ര തിരിച്ച
ദേശാടനപക്ഷികൾ എന്റെ കയ്യിലെ
കത്ത് സൂക്ഷിച്ചുു നോക്കുന്നുണ്ടായിരുന്നു
എങ്ങോട്ടും കൊടുത്തയാക്കാനുള്ളതല്ലെന്നു
ഞാൻ അവയോടു ആഗ്യം കാണിച്ചു ..

ഇത് എനിക്കുള്ളതാണ് ..
എനിക്ക് മാത്രം..
കരിയും പുകയും എന്നെങ്കിലും
എന്നെ മറക്കാൻ എന്നോട് പറഞ്ഞാൽ ...
നാച്ചുറൽ ഗ്യാസിന്റെ സുഗന്ധം കെമിസ്ട്രി ബുക്കിനെ
പുകച്ചു പുറത്തുകടന്നാൽ ..
എന്റെ സ്വപ്നങ്ങളെ എരിച്ചു തുടങ്ങിയാൽ...
എന്നെ ഓർമപെടുത്താൻ
 ഞാൻ എഴുതി സൂക്ഷിക്കുന്ന ഓട്ടോഗ്രാഫ് ..

Sunday, August 3, 2014

സൗഹൃദം





ജനലഴികൽക്കപ്പുറം
നന്നായി മഴ പെയ്യുന്നുണ്ട്.
പുറമേ പെയ്യുന്ന മഴ
മനസ്സിന്റെ നിശബ്ദതയെ
വല്ലാതെ ഘനീഭവിപ്പിക്കുന്നു.

സൗഹൃദം
ഒരു നനുത്ത മഞ്ഞുമഴ പോലെയാണ്.
ചിരിയും കരച്ചിലും
കളിയും കാര്യവും
സ്വപ്നങ്ങളും കുസൃതികളും
നിറഞ്ഞ ഒരിത്തിരി വഴി ...

മനസ്സിന്റെ ഇടനാഴികളിൽ
ഓർമകൾ ചാറ്റൽ മഴയായി
പെയ്തൊഴിയുന്നു .
സ്വപ്നങ്ങളുടെ നിറങ്ങൾ
മഴ മെല്ലെ മായ്ക്കുന്നുണ്ട്.

പുതിയ നിറങ്ങൾ  ചാലിക്കാൻ
മേഘക്കാറിനുള്ളിൽ നിന്നും
മഴവില്ല് പതിയെ   തലപൊക്കുന്നു.

മഴയത്തു നനയാൻ
മഴക്കാറിനെ നോക്കി ചിരിക്കാൻ
എന്നും ഇഷപ്പെട്ട ഞാൻ
 പതിയെ ജനൽ  ചില്ല് ചേർത്തടച്ചു ..
വേണ്ട..
ഈ മഴ എനിക്കു നനയണ്ട ..!!
എന്റെ സ്വപ്നങ്ങൾക്ക്
പുതുനിറങ്ങളും വേണ്ട .

അവയ്ക്കെന്നും
എന്റെ നല്ല സൗഹൃദങ്ങളുടെ
 പഴയ മഴവിൽ നിറക്കൂട്ടങ്ങൾ മതി  ..
 ഞാനെന്റെ മനസ്സിനോട് ചേർത്ത് പിടിച്ചവ ..!!


ആ നല്ല കാലങ്ങൾ
എത്ര ദൂരങ്ങളിലേക്ക്
അകന്നാലും ഞാനവയെ
എന്റെ  മനസ്സിന്റെ അകത്തളങ്ങളിൽ
സൂക്ഷിച്ച് വെയ്ക്കുന്നു .
അവയുടെ ഇളംകാറ്റിൽ
ഞാൻ എന്നെ അറിയുന്നു.
എന്റെ സ്വപ്നങ്ങളും .!!

Tuesday, July 29, 2014

അയാളും അവളും




ഇന്ന് ഞാനെന്റെ പഴയ മിത്രത്തെ കണ്ടു.
അയാൾക്ക് ജീവനുണ്ടായുരുന്നോ ?
ഉവ്വ്,
അയാൾ  ശ്വസിക്കുന്നുന്നുണ്ടായുരുന്നു.
ഹൃദയമിടിപ്പും എനിക്ക് കേൾക്കാമായിരുന്നു.

ഒരിരുട്ടുമുറിയുടെ അങ്ങേ തലയ്ക്കൽ
ജനലഴികളോട് ചേർന്നു കിടക്കുന്ന
കട്ടിലിന്റെ ഒരറ്റത്ത്
അയാൾ കിടക്കുന്നുണ്ടായിരുന്നു.

കയ്യിൽ കരുതിയ പഴസഞ്ചി
കട്ടിലിന്റെ താഴേക്ക് പതുക്കെ വെച്ചു.
അയാളുടെ നെറുകെയിൽ  മെല്ലെ തലോടി.
"നീയ്യാരാ ...എടുക്കെടാ കയ്യ്
നിന്നെയെനിക്കറിയില്ല "
അയാൾ എന്തൊക്കെയോ ഉറക്കെയുറക്കെ
പറഞ്ഞു കൊണ്ടേയിരുന്നു .

"പതിനഞ്ച് കൊല്ലായില്ലേ
ഇപ്പൊ ഇങ്ങനാണ് ..
എല്ലാത്തിനോടും എപ്പോളും ദേഷ്യം "
നെറുകെയിലെ വിയർപ്പ്
സാരിത്തലപ്പുകൊണ്ട് പതിയെ തുടച്ച്
അയാളുടെ സഹധർമിണി ജനാലയുടെ
മറവിൽ നിന്ന് നീങ്ങി നിന്നു.


മനസ്സു ഇരുപതു വര്ഷം പിന്നിലേക്ക് മടങ്ങുന്നു.
ഇഷ്ടപെട്ട പെണ്ണിനെ താലി ചാർത്തി
വീട്ടിലേക്ക് മടങ്ങവേ, അവൻ പറഞ്ഞു
ഇനിയാണ് ജീവിക്കാൻ പോകുന്നതെന്നു .

വല്ലപ്പോളും ബോംബയിൽ
നിന്നെത്തുമ്പോൾ അവൻ കൂടെ കൂട്ടുന്ന
സമയവും റേഡിയോയും ചേർന്ന
തകരപെട്ടി കണ്ടു നാട്ടുക്കാരും പറഞ്ഞു
അവരാണ് ജിവിതം ജീവിക്കുന്നതെന്ന്.
അവന്റെ ഭാര്യ അതൊക്കെ കേട്ടു
അവനോടു കൂടുതൽ  ചേർന്ന് നിന്നു.

അഞ്ചു വര്ഷത്തിന്റെ അവസാനത്തിൽ
അവന്റെ തലച്ചോറിനു മാത്രമല്ലായിരുന്നു
ട്യുമർ പിടിപെട്ടത് ,
സന്തോഷങ്ങൾക്ക്  കൂടെയായിരുന്നു.
അവനു ഓർമയും ചലനവും നിലച്ചപ്പോൾ
 അവനു കൂട്ടായി അവൾ നിന്നു.
അവന്റെ സ്വപ്‌നങ്ങൾ,
 അവന്റെ ഉത്തരവാദിത്തങ്ങൾ
 അവൾ തന്നിൽ തുന്നിച്ചേർക്കുകയായിരുന്നു
അവള്ക്കിനിയും ജീവിതമുണ്ടെന്നു  വ്യകുലപെട്ടവരോടു
ജീവിക്കുക തന്നെയാണു താൻ ചെയ്യുന്നതെന്നവൾ
ചിരിച്ചുകൊണ്ട് പറഞ്ഞു .


ഇന്നു
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
എന്റെ നോട്ടത്തിന്റെ അർഥം മനസിലാക്കിയിട്ടാവണം
അവൾ ചിരിച്ചു .
"എന്നെ മാത്രമിപ്പോളും തിരിച്ചറിയാം
ദേഷ്യപെടാനാണെങ്കിലും എന്റെ പേര് മാത്രമിപ്പോളും വിളിക്കും
അതന്ന്യല്ലെ സ്നേഹം "

                                                     

Saturday, July 26, 2014

കനലും പുകയും



കനലിൽ ഏരിയുന്ന മനസ്സിന്റെ പിടച്ചിൽ.
തീ അണഞ്ഞിട്ടും
പുക മാറിയിട്ടും
കെടാത്ത സ്വപ്നങ്ങളുടെ നീറ്റൽ.

മഴവെള്ളം ഒലിച്ചെറങ്ങിയിട്ടും ,
തണുപ്പൻ കാറ്റു വന്നു പൊതിഞ്ഞിട്ടും
അതവിടെ നീറിക്കൊണ്ടേയിരിക്കുന്നിന്നും. 

Thursday, July 24, 2014

മഴ




മഴയെ എന്നുമെനിക്ക് ഇഷ്ടമായിരുന്നു .
ആകാശത്തിന്റെ ചിരിയാണു മഴയെന്നു,
മുത്തശ്ശി പറഞ്ഞുത്തന്നതു  മുതലേ

മണ്ണിനു പുതുമണം നല്കി
പെയ്തിറങ്ങിയിരുന്ന മഴയെ
പ്രണയിച്ചിരുന്നു ഞാനെന്നും.

ഒരു കുഞ്ഞുകുട്ടിയുടെ മനസ്സോടെ
 നോക്കി നിന്നിരുന്നു എന്നും  മഴയെ ഞാൻ.

മഴയത്ത് മക്കളെ കൊക്കിലേറ്റി ,
കൂട് തേടി പറക്കുന്ന  കിളികളും

ഒരു കുടയുടെ മറവിൽ,
 മഴയെ അകറ്റുന്ന മനുഷ്യരും

അടുത്ത് നില്ക്കുന്നവനെ ശ്രദ്ധിക്കാതെ,
ഇരമ്പി പായുന്ന വാഹനങ്ങളും

എന്നും എനിക്കു കൗതുകമായിരുന്നു .

മഴത്തുള്ളികളെ  ചേർത്തുപിടിച്ച്
അവയുടെ സംഗീതമെന്നും
ഹൃദയത്തോട് ചേർത്തിരുന്നു  ഞാൻ ..

സ്വപ്നങ്ങളെ നിറച്ച്‌
പെയ്തൊഴിയുന്നു മെല്ലെ
മഴ വീണ്ടും ജനാലക്കരികിൽ  ..