Sunday, August 3, 2014

സൗഹൃദം





ജനലഴികൽക്കപ്പുറം
നന്നായി മഴ പെയ്യുന്നുണ്ട്.
പുറമേ പെയ്യുന്ന മഴ
മനസ്സിന്റെ നിശബ്ദതയെ
വല്ലാതെ ഘനീഭവിപ്പിക്കുന്നു.

സൗഹൃദം
ഒരു നനുത്ത മഞ്ഞുമഴ പോലെയാണ്.
ചിരിയും കരച്ചിലും
കളിയും കാര്യവും
സ്വപ്നങ്ങളും കുസൃതികളും
നിറഞ്ഞ ഒരിത്തിരി വഴി ...

മനസ്സിന്റെ ഇടനാഴികളിൽ
ഓർമകൾ ചാറ്റൽ മഴയായി
പെയ്തൊഴിയുന്നു .
സ്വപ്നങ്ങളുടെ നിറങ്ങൾ
മഴ മെല്ലെ മായ്ക്കുന്നുണ്ട്.

പുതിയ നിറങ്ങൾ  ചാലിക്കാൻ
മേഘക്കാറിനുള്ളിൽ നിന്നും
മഴവില്ല് പതിയെ   തലപൊക്കുന്നു.

മഴയത്തു നനയാൻ
മഴക്കാറിനെ നോക്കി ചിരിക്കാൻ
എന്നും ഇഷപ്പെട്ട ഞാൻ
 പതിയെ ജനൽ  ചില്ല് ചേർത്തടച്ചു ..
വേണ്ട..
ഈ മഴ എനിക്കു നനയണ്ട ..!!
എന്റെ സ്വപ്നങ്ങൾക്ക്
പുതുനിറങ്ങളും വേണ്ട .

അവയ്ക്കെന്നും
എന്റെ നല്ല സൗഹൃദങ്ങളുടെ
 പഴയ മഴവിൽ നിറക്കൂട്ടങ്ങൾ മതി  ..
 ഞാനെന്റെ മനസ്സിനോട് ചേർത്ത് പിടിച്ചവ ..!!


ആ നല്ല കാലങ്ങൾ
എത്ര ദൂരങ്ങളിലേക്ക്
അകന്നാലും ഞാനവയെ
എന്റെ  മനസ്സിന്റെ അകത്തളങ്ങളിൽ
സൂക്ഷിച്ച് വെയ്ക്കുന്നു .
അവയുടെ ഇളംകാറ്റിൽ
ഞാൻ എന്നെ അറിയുന്നു.
എന്റെ സ്വപ്നങ്ങളും .!!