Sunday, December 13, 2015

ചിലത് സംഭവിക്കുന്നത് !!

അസാധാരണമായ പലതും തികച്ചും 
സാധാരണമായി സംഭവിക്കുന്ന സമയങ്ങളുണ്ട് .

ഒരു നിമിഷത്തിന്റെ പകുതിയിൽ 
ക്ലോക്കുസൂചികൾ നിശ്ചലരാവുകയും 
പിന്നോട്ട് നടക്കുകയും ചെയ്യുന്നു .

കോളിംഗ് ബെൽ മുഴങ്ങുന്നതുക്കേട്ട് 
വാതിൽ തുറക്കുമ്പോൾ 
മുറ്റത്ത് ഒരു പൂച്ച 
പിന്തിരിഞ്ഞ് നടക്കുന്നത് കാണുന്നു .

മഴയത്ത് തുറക്കാൻ കഴിയാതെ പോയ കുട 
ടി വിയിലെ മഴച്ചാറ്റൽ കണ്ട് 
സ്വയം നിവരുന്നു .

നടക്കരുതെന്നു വിചാരിക്കുന്നതൊക്കെ 
നടക്കുകയും 
നടക്കേണ്ടിയിരുന്ന പലതും 
പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു .

"ഇത്രെയോക്കെയുള്ളൂ !!" എന്ന് 
വിചാരിക്കുന്നിടത്ത് 
വലുതെന്തോ നടക്കുകയും 
അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ 
ഓർമകളിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്നു


ഉറുമ്പുനടത്തങ്ങൾ

ഉറുമ്പുനടത്തങ്ങൾ എന്നാലെന്താണ് !!

പഞ്ചസാരഭരണികളിൽ 
ഉറുമ്പുക്കൂട്ടം വരിവരിയായി അരിച്ചെത്തുന്നുണ്ട് .

വിടവുകളിലൂടെ ഊർന്നിറങ്ങി 
മധുരം നുണഞ്ഞ് മത്തുപ്പിടിച്ചൊരു 
മയക്കത്തിലേക്ക് തെന്നി വീഴുന്നുണ്ട് .

ഭരണികൾ ഒന്നമർത്തിമൂടവെ 
തിരിച്ചുനടക്കാൻ പോലുമാവാതെ 
ഉറക്കത്തിന്റെ മധ്യത്തിൽ 
പഞ്ചസാരക്കൂനകൾക്ക് മുകളിലവ മരിച്ച് വീഴുന്നു.

മരണാനന്തരചടങ്ങുകളേതുമില്ലാതെ
ചായയുണ്ടാക്കവെ അരിപ്പയിൽ 
വേർത്തിരിച്ചെടുക്കപ്പെടുന്ന ജീവനറ്റ ശരീരങ്ങൾ .


ജീവന്റെ 
ക്ഷണികതയാവർത്തിച്ചോർമിപ്പിച്ച് 
ജീവിതത്തിൽ നിന്ന് തിരിച്ചുനടക്കുന്നവർ !!

Friday, March 6, 2015

ഒരു കത്ത്




എന്റെ സ്വപ്‌നങ്ങൾ  അറിയുന്ന
ലക്ഷ്യങ്ങളിലേക്ക്  എന്നെ പിടിച്ചു നടത്തുന്ന
എന്റെ മനസ്സിന് ...

ചായപെൻസിൽ കൊണ്ട് നിറം ചേർത്ത്
വളപ്പൊട്ടുകൾ അരികിൽ ഒട്ടിച്ചു
ഞാനൊരു കത്തു തയ്യാറാക്കി ...

കാണാ ദൂരത്തു മഴമേഘങ്ങൾ
കൂടുക്കൂട്ടുന്നതറിഞ്ഞു ഞാൻ
കൈകുമ്പിളിൽ ഒളിപ്പിച്ചു...

വെയിലത്തു നിറം മങ്ങാതിരിക്കാൻ
രണ്ടായി മടക്കി ഞാൻ
എന്നോട് ചേർത്ത് പിടിച്ചു..

ആ വഴി എങ്ങോ യാത്ര തിരിച്ച
ദേശാടനപക്ഷികൾ എന്റെ കയ്യിലെ
കത്ത് സൂക്ഷിച്ചുു നോക്കുന്നുണ്ടായിരുന്നു
എങ്ങോട്ടും കൊടുത്തയാക്കാനുള്ളതല്ലെന്നു
ഞാൻ അവയോടു ആഗ്യം കാണിച്ചു ..

ഇത് എനിക്കുള്ളതാണ് ..
എനിക്ക് മാത്രം..
കരിയും പുകയും എന്നെങ്കിലും
എന്നെ മറക്കാൻ എന്നോട് പറഞ്ഞാൽ ...
നാച്ചുറൽ ഗ്യാസിന്റെ സുഗന്ധം കെമിസ്ട്രി ബുക്കിനെ
പുകച്ചു പുറത്തുകടന്നാൽ ..
എന്റെ സ്വപ്നങ്ങളെ എരിച്ചു തുടങ്ങിയാൽ...
എന്നെ ഓർമപെടുത്താൻ
 ഞാൻ എഴുതി സൂക്ഷിക്കുന്ന ഓട്ടോഗ്രാഫ് ..