Tuesday, July 29, 2014

അയാളും അവളും




ഇന്ന് ഞാനെന്റെ പഴയ മിത്രത്തെ കണ്ടു.
അയാൾക്ക് ജീവനുണ്ടായുരുന്നോ ?
ഉവ്വ്,
അയാൾ  ശ്വസിക്കുന്നുന്നുണ്ടായുരുന്നു.
ഹൃദയമിടിപ്പും എനിക്ക് കേൾക്കാമായിരുന്നു.

ഒരിരുട്ടുമുറിയുടെ അങ്ങേ തലയ്ക്കൽ
ജനലഴികളോട് ചേർന്നു കിടക്കുന്ന
കട്ടിലിന്റെ ഒരറ്റത്ത്
അയാൾ കിടക്കുന്നുണ്ടായിരുന്നു.

കയ്യിൽ കരുതിയ പഴസഞ്ചി
കട്ടിലിന്റെ താഴേക്ക് പതുക്കെ വെച്ചു.
അയാളുടെ നെറുകെയിൽ  മെല്ലെ തലോടി.
"നീയ്യാരാ ...എടുക്കെടാ കയ്യ്
നിന്നെയെനിക്കറിയില്ല "
അയാൾ എന്തൊക്കെയോ ഉറക്കെയുറക്കെ
പറഞ്ഞു കൊണ്ടേയിരുന്നു .

"പതിനഞ്ച് കൊല്ലായില്ലേ
ഇപ്പൊ ഇങ്ങനാണ് ..
എല്ലാത്തിനോടും എപ്പോളും ദേഷ്യം "
നെറുകെയിലെ വിയർപ്പ്
സാരിത്തലപ്പുകൊണ്ട് പതിയെ തുടച്ച്
അയാളുടെ സഹധർമിണി ജനാലയുടെ
മറവിൽ നിന്ന് നീങ്ങി നിന്നു.


മനസ്സു ഇരുപതു വര്ഷം പിന്നിലേക്ക് മടങ്ങുന്നു.
ഇഷ്ടപെട്ട പെണ്ണിനെ താലി ചാർത്തി
വീട്ടിലേക്ക് മടങ്ങവേ, അവൻ പറഞ്ഞു
ഇനിയാണ് ജീവിക്കാൻ പോകുന്നതെന്നു .

വല്ലപ്പോളും ബോംബയിൽ
നിന്നെത്തുമ്പോൾ അവൻ കൂടെ കൂട്ടുന്ന
സമയവും റേഡിയോയും ചേർന്ന
തകരപെട്ടി കണ്ടു നാട്ടുക്കാരും പറഞ്ഞു
അവരാണ് ജിവിതം ജീവിക്കുന്നതെന്ന്.
അവന്റെ ഭാര്യ അതൊക്കെ കേട്ടു
അവനോടു കൂടുതൽ  ചേർന്ന് നിന്നു.

അഞ്ചു വര്ഷത്തിന്റെ അവസാനത്തിൽ
അവന്റെ തലച്ചോറിനു മാത്രമല്ലായിരുന്നു
ട്യുമർ പിടിപെട്ടത് ,
സന്തോഷങ്ങൾക്ക്  കൂടെയായിരുന്നു.
അവനു ഓർമയും ചലനവും നിലച്ചപ്പോൾ
 അവനു കൂട്ടായി അവൾ നിന്നു.
അവന്റെ സ്വപ്‌നങ്ങൾ,
 അവന്റെ ഉത്തരവാദിത്തങ്ങൾ
 അവൾ തന്നിൽ തുന്നിച്ചേർക്കുകയായിരുന്നു
അവള്ക്കിനിയും ജീവിതമുണ്ടെന്നു  വ്യകുലപെട്ടവരോടു
ജീവിക്കുക തന്നെയാണു താൻ ചെയ്യുന്നതെന്നവൾ
ചിരിച്ചുകൊണ്ട് പറഞ്ഞു .


ഇന്നു
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
എന്റെ നോട്ടത്തിന്റെ അർഥം മനസിലാക്കിയിട്ടാവണം
അവൾ ചിരിച്ചു .
"എന്നെ മാത്രമിപ്പോളും തിരിച്ചറിയാം
ദേഷ്യപെടാനാണെങ്കിലും എന്റെ പേര് മാത്രമിപ്പോളും വിളിക്കും
അതന്ന്യല്ലെ സ്നേഹം "

                                                     

No comments:

Post a Comment